ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് സംഘം പദ്ധയിട്ടത്. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ പറയുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീല്‍ പിടിയിലാകുന്നത്. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാള്‍ പിടിയിലാകുന്നതോടെയാണ് കേരളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതിയെപ്പറ്റി എന്‍ഐഎക്ക് വിവരം ലഭിക്കുന്നത്. കേരളത്തിലെ ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട ധനസമാഹരണവും ഏകോപനവും നിര്‍വഹിച്ചത് പിടിയിലായ സയീദ് നബീല്‍ അഹമ്മദാണ്. ഭീകരപ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്താനായി കൊള്ളയടക്കം നടത്തിയതും നബീലിന്റെ നേതൃത്വത്തിലാണ്. നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കി.