കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ വമ്പിച്ച ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചു. 37719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയം. നാടിന്റെ വികസനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയ ചർച്ചക്കളുടെ ചൂടിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതുപ്പള്ളി സാക്ഷ്യം വഹിച്ചിരുന്നത്. ഒടുവിൽ തിരഞ്ഞെടുപ്പ് ചൂട് അവസാനിക്കുമ്പോൾ ഫലം ചാണ്ടി ഉമ്മന് ചരിത്രവിജയം സമ്മാനിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ജയ്ക്കിന്റെ മൂന്നാം തോൽവി കൂടെയാണിത്. അവസാനമായി 2021 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോടും ജെയ്ക് തോൽവി ഏറ്റുവാങ്ങിയിരുന്നു. എൽഡിഎഫ് - യുഡിഎഫ് നേർക്കുനേർ പോരാട്ടത്തിൽ ചിത്രത്തിലെങ്ങുമില്ലാതെ ബിജെപി. വിജയാഘോഷത്തിൽ തന്റെ വിജയം തന്റെ പിതാവ് ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് സംസാരിച്ചു. "ഇത് അപ്പയുടെ 13 ആമത്തെ വിജയമാണ്. അപ്പയെ പോലെ തന്നെ ജനങ്ങളുടെ കൂടെ ഉണ്ടാകും" എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. പഞ്ചായത്തുകളിൽ യുഡിഎഫ് തേരോട്ടം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞത്.
വോട്ട് നില :
യുഡിഎഫ് - 80144
എൽഡിഎഫ് - 42425
ബിജെപി - 6554