ഗവർണർ കടുപ്പിക്കുമ്പോഴാണ് ഗവർണറുടെ അധികാരം തന്നെ കവർന്ന് പിന്നോട്ടില്ലെന്ന് സർക്കാറും വ്യക്തമാക്കുന്നത്. ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ഗവർണറോട് നേർക്കുനേര്‍ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സർക്കാർ. മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുത്തതോടെയാണ് നേര്‍ക്കുനേർ പോരാട്ടത്തിലേക്ക് സ്ഥിതിയെത്തിയത്.
വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെ യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.
പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പാണ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെയാണ്. മറ്റന്നാൾ തന്നെയാണ് ലോകായുക്ത നിയമഭേദഗതി ബില്ലും സഭയിൽ വരുന്നത്
സർക്കാർ- ഗവർണർ പോര് പരിധിവിടുമ്പോൾ പ്രതിപക്ഷം തന്ത്രപരമായ നിലപാടിലാണ്. ബന്ധുനിയമനങ്ങളെ എതിർക്കുമ്പോഴും ഗവർണർക്ക് പൂർണ്ണ പിന്തുണയില്ല. ഗവർണര്‍ ഏത് സമയവും സർക്കാറുമായി ഒത്ത് തീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷ വിമർശനം. മാത്രമല്ല കേന്ദ്രവും ഗവർണ്ണറും പ്രതിപക്ഷവും ചേർന്ന് സംസ്ഥാന സർക്കാറിനെ അട്ടിമറിക്കുന്നുവെന്ന സിപിഎം പ്രചാരണം ചെറുക്കൽ കൂടിയാണ് ലക്ഷ്യം. പോര് സഭയിലേക്ക് നീങ്ങുമ്പോൾ ഗവർണർ മറ്റന്നാൾ ദില്ലിയിൽ നിന്നും കേരളത്തിലെത്തും. കണ്ണൂർ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.