മലപ്പുറം: മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗിന്റെ അനൗദ്യോഗിക യോഗം ഇന്ന് മലപ്പുറത്ത്. മുഈനലി തങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ന് നേതാക്കള്‍ പരസ്പര വിനിമയം നടത്തുക. പാര്‍ട്ടി അച്ചടക്കം ലംഘിച്ച മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ചര്‍ച്ചയാകും. നാളെ ലീഗ് നേതൃയോഗവും ചേരുന്നുണ്ട്.
കെ.ടി. ജലീല്‍ എം.എല്‍.എ. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു മുഈനലിയുടെ ഇന്നലത്തെ പ്രസ്താവന. ഇത് മുസ്ലിം ലീഗ് പാര്‍ട്ടിയെയും പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയെയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മുഈനലി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഇത് ആദ്യതവണയല്ലെന്നുള്ള ആരോപണമാണ് മുതിര്‍ന്ന ചില നേതാക്കളില്‍നിന്നുണ്ടാകുന്നത്. അതിനാല്‍തന്നെ മുഈനലിക്കെതിരെ ഇത്തവണ നടപടി എടുക്കണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ ഈ സംഭവത്തിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് എത്തിയിട്ടുണ്ട്. മറ്റു മുതിര്‍ന്ന നേതാക്കളെല്ലാം വിവിധ സ്ഥലങ്ങളിലാണ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇപ്പോള്‍ ബിഹാറിലാണുള്ളത്. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ. മജീദും എം.കെ. മുനീറും തിരുവനന്തപുരത്താണുള്ളത്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദു സമദാനി സമദാനി എന്നിവര്‍ ഡല്‍ഹിയിലുമാണുള്ളത്. ഇ.ടി. ഇന്ന് രാവിലെ ഡല്‍ഹിയില്‍നിന്ന് തിരിക്കുമെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്.
ഔദ്യോഗികമായ നേതൃയോഗമല്ല ഇന്ന് ചേരുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് ഫോണിലും മറ്റുമായി ഉന്നതാധികാ സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാണക്കാട് കുടുംബത്തില്‍നിന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ ആരോപണത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തവാദിത്തം പാണക്കാട് കുടുംബാംഗങ്ങള്‍ക്കുണ്ട് എന്ന വികാരമാണ് ഉന്നതാധികാര സമിതിയിലുള്ളത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സാദിഖലി ശിഹാബ് തങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ പാര്‍ട്ടി ചുമതലകള്‍ നിവേറ്റുന്നത് സാദിഖലി ശിഹാബ് തങ്ങളാണ്. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നാളെ ഉന്നതാധികാര സമിതി യോഗം ചേരുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ കത്വ ഫണ്ട് വിവാദം ഉയര്‍ന്നപ്പോള്‍ മുഈനലി തങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പ്രതികരണം നടത്തിയിരുന്നു. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിനെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നൊക്കെയും മുഈനലിക്കെതിരെ ഒരു നടപടിയിലേക്ക് പോകേണ്ടതില്ല എന്ന വികാരമായിരുന്നു പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ മുഈനലിക്കെതിരെ നടപടി ആവശ്യമാണെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്.
Tags:
Kerala