കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകൾക്കുള്ള സൗകര്യം വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് മൂന്ന് മണിക്കൂർ കൊണ്ട് 500 പേരെ പരിശോധിക്കാനാവും. ടെർമിനലിൽ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകൾ കൊണ്ട് ടെസ്റ്റിൻ്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. 3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്സപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാകേന്ദ്രത്തിലും വാട്സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളിൽ വയോധികർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കുമായി രണ്ട് കൗണ്ടറുകൾ വീതം മാറ്റിവച്ചിരിക്കുകയാണ്.
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
by web news deskVIA THALASSERY
•