22 വർഷങ്ങൾക്കു മുൻപ് ഒരു ടിഷ്യൂ പേപ്പറിൽ മെസിയെ ബാഴ്സയിലേക്ക് സൈൻ ചെയ്ത് കഥയുണ്ട്. കാർലസ് റെക്സാച് എന്ന ബാഴ്സലോണ എക്സിക്യൂട്ടിവ് ഒപ്പുവച്ച ടിഷ്യൂ പേപ്പർ ഇപ്പോൾ ഈ നീക്കം സാധ്യമാക്കിയ ഹൊറാഷ്യോ ഗാജിയോളി ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയാണ്. അത് അസാധാരണമായ ഒരു ചരിത്രത്തിൻ്റെ അതിലും അസാധാരണമായ തുടക്കമായിരുന്നു. 12ആം വയസ്സിലെ ടിഷ്യൂ പേപ്പർ കരാറിനു ശേഷം മെസി ബ്ലോഗ്രാനയിലുണ്ടായിരുന്നത് രണ്ട് പതിറ്റാണ്ടിലധികമാണ്. 2003ൽ ബാഴ്സലോണ സിയിലൂടെ അരങ്ങേറി ബാഴ്സലോണ ബിയിലൂടെ 2003ൽ മെസി സീനിയർ കുപ്പായമണിഞ്ഞു. അന്ന് മെസിക്ക് 16 വയസ്സ്. അത് കഴിഞ്ഞിട്ട് ഇപ്പോൾ 17 വർഷം പൂർത്തിയായി. രണ്ടാം പതിനേഴിൽ മെസി ബാഴ്സലോണ ജഴ്സി അഴിച്ചുവെക്കുകയാണ്. ഒന്നര പതിറ്റാണ്ടിലധികം നീണ്ട കരിയറിനു ശേഷം മെസി ബാഴ്സലോണ വിടുകയാണ്. (lionel messi barcelona remembering)
16 വർഷങ്ങൾക്കു മുൻപ്, 2005 മെയ് മാസം ഒന്നാം തിയതി സാമുവൽ എറ്റുവിനു പകരക്കാരനായി കളത്തിലിറങ്ങിയ 17 വയസ്സുകാരനായ നീളൻ മുടിക്കാരൻ പയ്യൻ റോണാൾഡീഞ്ഞോ ഡിഫൻഡർമാർക്ക് മുകളിലൂടെ ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് ഒരു ലോബ് ഷോട്ടിലൂടെ ഗോൾ കീപ്പറെ കീഴടക്കുമ്പോൾ ചരിത്രം സ്വപ്നേപി വിചാരിച്ചിരുന്നില്ല ഇവൻ ഒരിക്കൽ കാല്പന്ത് ലോകം ഭരിക്കുമെന്ന്. താൻ നൽകിയ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയ മെസിയെ എടുത്തുയർത്തി ‘ഇതാ എനിക്കൊരു പിൻ ഗാമി’ എന്ന് വിളംബരം ചെയ്ത 2005 മുതൽ ‘കുഞ്ഞനിയൻ എന്ന് സ്നേഹത്തോടെ വിളിച്ചു കൊണ്ട് റൊണാൾഡീഞ്ഞോ മെസിയെ വഴി തെളിക്കുന്നത് കൺ നിറഞ്ഞ് കാണുകയായിരുന്നു. 2008ൽ റൊണാൾഡീഞ്ഞോ ബാഴ്സയിൽ അസ്തമിച്ചപ്പോൾ മെസി പൂർണമായും ഉദിച്ചു കഴിഞ്ഞിരുന്നു.
പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത പ്രകടനങ്ങളാണ് മെസി നടത്തിയത്. 520 തവണ ബാഴ്സ കുപ്പായത്തിലിറങ്ങിയ മെസി 474 വട്ടം എതിർ നിരയിലേക്ക് നിറയൊഴിച്ചു. എന്നാൽ, കേവലം ഗോളുകൾ മാത്രമല്ല മെസിയുടെ ലെഗസി ബാഴ്സയിൽ ബാക്കിവച്ചിരിക്കുന്നത്. വിഷൻ, പേസ്, ഡ്രിബ്ലിംഗ്, പാസിംഗ്, ആക്യുറസി എന്നിങ്ങനെ ഒരു ഫുട്ബോൾ താരം സമ്പൂർണതയിലെത്തി എന്ന് മോഹിപ്പിക്കുന്ന വിശേഷണങ്ങൾ മുഴുവൻ മെസി കയ്യാടി. ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, ക്ലബ് ഫുട്ബോൾ ലോകകപ്പ് എന്നിങ്ങനെ ഒരു കരിയറിൽ സാധ്യമാക്കാവുന്ന ക്ലബ് കിരീടങ്ങൾക്കൊപ്പം 6 ബാലോൺ ഡി ഓർ റെക്കോർഡ്, ലോകകപ്പ് ഗോൾഡൻ ബൂട്ട് അടക്കം വ്യക്തിഗത നേട്ടങ്ങൾ വേറെ.
മെസി ബാഴ്സ വിടുമ്പോൾ സമ്പന്നമായ ഒരുപാട് ഓർമകൾ കൂടിയാണ് പടിയിറങ്ങുക. കളിക്കളത്തിലെ മാന്ത്രികത ഇനി മറ്റൊരു ക്ലബിൽ കാണേണ്ടിവരുമെന്നറിയുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു പിടച്ചിൽ. എങ്കിലും ഒരു കൗമാര കാലത്തോളം മാന്ത്രികത കൊണ്ട് ഞങ്ങളെ രസിപ്പിച്ചുനിർത്തിയതിന് നന്ദി പ്രിയപ്പെട്ട ലിയോ. ഇനിയും കളിക്കളത്തിലെ കവിത തുടരുക. ആഡിയോസ്!
Tags:
Sports